കായികലോകം

മലയാളിയുടെ കായികലോകം.. (എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.)

Monday, January 08, 2007

വീണ്ടും സൌരവ്!

സൌരവ് ഗാംഗുലി എന്ന കളിക്കാരന്‍ മങ്ങിത്തുടങ്ങിയിരുന്നു എന്നത് സത്യമാണ്. തിരിച്ചു വരവിന് ശ്രമിയ്ക്കാതെ കീഴടങ്ങുന്ന തരത്തിലുള്ള ഇന്നിങ്സുകള്‍ അദ്ദേഹത്തിന്റെ പതനത്തിന് ആക്കം കൂട്ടി. വളരെ ഇമോഷണലും മൂഡിയുമായിട്ടുള്ള അദ്ദേഹത്തിന്റെ പ്രകൃതം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ടീമില്‍ നിന്ന് പുറത്ത് പോകുക എന്നത് അദ്ദേഹത്തിന് അനിവാര്യമായിരുന്നു.ബിസിസിഐയുടെ തലപ്പത്തെ രാഷ്ട്രീയ നേതൃത്വമാറ്റവും ചാപ്പലുമായുണ്ടായ ഭിന്നതയും ഈ പുറത്ത് പോക്ക് വളരെ മോശമായ ഒരു രീതിയിലാക്കി.മാധ്യമങ്ങള്‍ എല്ലാം ആഘോഷിച്ചു.

പക്ഷെ ഗാംഗുലി എന്ന കളിക്കാരന് പകരക്കാരന്‍ തല്‍ക്കാലം ഇന്ത്യന്‍ ക്രിക്കറ്റിലില്ലായിരുന്നു എന്നതാണ് സത്യം. അവസരം നല്‍കിയ സുരേഷ് റൈനയും ദിനേശ് കാര്‍ത്തിക്കുമൊക്കെ പ്രതീക്ഷയ്കൊത്ത് ഉയരാതിരുന്നപ്പോഴും രാഷ്ട്രീയക്കളികള്‍ സൌരവിന്റെ സെലക്ഷന് വിലങ്ങ് തടിയായി. സൌരവ് ഇംഗ്ലിഷ് കൌണ്ടിയില്‍ കളിച്ചെങ്കിലും ഫോം വീണ്ടെടുത്തില്ല എന്നതും പ്രസ്താവ്യമാണ്.

സൌരവിന്റെ വിരമിയ്ക്കല്‍ പ്രഖ്യാപനം ഏത് നിമിഷവും ജനം പ്രതീക്ഷിച്ചു. പക്ഷേ സൌരവ് ബംഗാളിന് വേണ്ടിയും ഈസ്റ്റ് സോണിന് വേണ്ടിയുമൊക്കെ വീണ്ടും പാഡണിഞ്ഞു. തല്‍ക്കാലം വിരമിയ്ക്കല്‍ പരിഗണനയിലില്ല എന്ന് തുറന്ന് പറഞ്ഞു.കൂറ്റന്‍ സ്കോറുകള്‍ അപ്പോഴും സൌരവിന്റെ ബാറ്റില്‍ നിന്ന് വന്നില്ല. എങ്കിലും ഭേദപ്പട്ട പ്രകടനങ്ങള്‍ മെല്ലെ പുറത്ത് വന്ന് തുടങ്ങി. Form is temporary, class is permanent എന്ന പ്രസിദ്ധമായ ക്രിക്കറ്റ് തത്വം ഓര്‍മ്മിപ്പിയ്ക്കുന്ന ചില കളികളെങ്കിലും ഡൊമസ്റ്റിക്ക് സര്‍ക്യൂട്ടില്‍ ഗാംഗുലി കാഴ്ച വെച്ചു.

സെലക്റ്റര്‍മാര്‍ക്ക് ഗാംഗുലിയെ തഴയുക എന്നത് എളുപ്പമല്ലാതായി. സൌത്താഫ്രിക്കയിലെ ഏകദിനപരമ്പരയിലേറ്റ വമ്പന്‍ പരാജയം സൌരവിനെ തിരിച്ച് കൊണ്ടുവരുവാനുള്ള മുറവിളികളുടെ ശബ്ദം കൂട്ടി. ഒടുവില്‍ യുവരാജിന്റെ കയ്യിനേറ്റ പരിക്കിന്റെ രൂപത്തില്‍ ഗാഗുലിയെ ഭാഗ്യം കടാക്ഷിച്ചു. യുവരാജ് ടെസ്റ്റ് പരമ്പരയില്‍ കളിയ്ക്കില്ല എന്ന് ഉറപ്പായതും കൈഫിന്റെ മോശം ഫോമും സൌരവിന്റെ വഴികളടയ്ക്കാന്‍ ആര്‍ക്കും പറ്റാത്ത രീതിയിലാക്കി. അങ്ങനെ സൌരവിന് അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റ് ഒരു അവസരം കൂടി നല്‍കി.

ഇത്രയും കളിക്കളത്തിലെ കാര്യം. ഇന്ത്യയില്‍ കളിക്കളത്തില്‍ മാത്രമായി ഒരു കളിയും ഒതുങ്ങാറില്ലല്ലോ. പലപ്പോഴും പുത്തുള്ള കളികള്‍ മേല്‍ക്കൈ നേടാറുമുണ്ട്. സൌരവിന്റെ തിരിച്ചു വരവിന്റെ കാര്യവും വ്യത്യസ്തമല്ല. മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ മാനസപുത്രനായിരുന്ന ഗാംഗുലി, ഡാല്‍മിയ തെരെഞ്ഞെടുപ്പില്‍ തോറ്റ് ശരത് പവാര്‍ പ്രസിഡന്റായ ഉടന്‍ ടീമില്‍ നിന്ന് പുറത്തായി. ഇനി ഒരിക്കലും സൌരവ് തിരിച്ച് വരില്ല എന്ന് വ്യംഗ്യാര്‍ത്ഥത്തിലായിട്ടാണെങ്കിലും പുതിയ സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ വിക്കറ്റ് കീപ്പറുമായ കിരണ്‍ മോറെ പ്രഖ്യാപിക്കുകയും ചെയ്തു. കളിയില്‍ മാത്രമൊതുങ്ങാതെ ടീമില്‍ അധികാര രാഷ്ട്രീയം കളിയ്ക്കുന്നു എന്ന് പലരും പരാതിപ്പെട്ടിരുന്ന ഗാംഗുലി വാളെടുത്തവന്‍ വാളാല്‍ എന്ന സ്തിതിയിലായി.

പിന്നീട് പലപ്പോഴായി വന്ന പത്രപ്രസ്താവനകളില്‍ നിന്ന് ഗാംഗുലി ഡാല്‍മിയയില്‍ നിന്ന് അകലാന്‍ ശ്രമിയ്ക്കുന്നതായാണ് കാണാന്‍ കഴിയുന്നത്.സൌരവ് ശരത് പവാറുമായി പല കൂടിക്കാഴ്ചകളും നടത്തി. തന്റെ തിരിച്ച് വരവിന് പ്രതിഫലമായി സൌരവ് പവാര്‍ ക്യാമ്പുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് ഊഹാപോഹങ്ങള്‍ പടര്‍ന്നു. സൌരവ് ടീമില്‍ തിരിച്ചെത്തിയതിന് ശേഷം നടന്ന ബിസിസിഐ മീറ്റിങ്ങില്‍ 1996ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന് ലോകകപ്പിലെ വരുമാനക്കണക്കിലെ ചില പാകപ്പിഴകള്‍ക്കും അധികാരദുരുപയോഗത്തിനും ആരോപണ വിധേയനായിരുന്ന ഡാല്‍മിയയെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി പുറത്താക്കി എന്നതും ശ്രദ്ധേയമാണ്.

ടീമില്‍ തിരിച്ചെത്തുക എന്നത് ഗാംഗുലിയെ കാത്തിരുന്ന അഗ്നിപരീക്ഷകളുടെ ഒരു തുടക്കം മാത്രമായിരുന്നു. ഒരിക്കല്‍ കൂടി പരാ‍ജയപ്പെട്ടാല്‍ മാന്യമായ ഒരു വിടവാങ്ങലിന് പോലും അവസരം ലഭിയ്ക്കാത്ത വിധം അപഹാസ്യനാവും എന്ന കാര്യം മറ്റാരേക്കാളും നന്നായി ഗാഗുലിക്കറിയാമായിരിക്കണം. സ്വരച്ചേര്‍ച്ചയില്ലാത്ത കോച്ചും സെലക്ഷന്‍ പാനലിന്റെ മുമ്പില്‍ ഗാംഗുലിയെ തുറന്നെതിര്‍ത്തു എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ക്യാപ്റ്റനുമുള്ള ടീമില്‍ ഗാംഗുലി ശാന്തനായി കാണപ്പെട്ടു. മാധ്യമങ്ങള്‍ നക്കാന്‍ കാത്തിരുന്ന ചോര ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും ഒറ്റി വീണില്ല.

ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഗാംഗുലിയുടെ ബോഡി ലാംഗ്വേജ് മുമ്പ് കണ്ടിട്ടുള്ളതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. തന്റെ ബലഹീനതകളെ വ്യക്തമായി വിലയിരുത്തിയതായി തോന്നിച്ച ഗാംഗുലി സൌത്താഫ്രിക്കന്‍ ബൌളിങ്ങിന് മുന്നില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വേറിട്ട് നിന്നു. സാഹചര്യങ്ങള്‍ക്കനുസൃതമായി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് തികച്ചും പ്രൊഫഷണല്‍ രീതിയില്‍ ബാറ്റ് ചെയ്ത ഗാംഗുലി പരമ്പരയിലെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ടോപ് സ്കോററുമായി.സൌത്താഫ്രിക്ക പോലുള്ള വേഗവും ബൌണ്‍സും കൂടിയ പിച്ചുകളില്‍ as good as dead എന്ന് വിശേഷിപ്പിയ്ക്കപ്പെടുകയും ഏറെക്കുറെ ആ രീതിയില്‍ തന്നെ കളിയ്ക്കുകയും ചെയ്തിരുന്ന ഗാംഗുലിയേ അല്ലായിരുന്നു ഈ പരമ്പരയില്‍.

സൌരവിന്റെ പുകള്‍ പെറ്റ പുള്‍ ഷോട്ടുകളും പണ്ട് ‘ഓഫ് സൈഡിലെ ദൈവം’ എന്ന വിശേഷണം നേടിയെടുക്കാന്‍ കാരണമായ ഡ്രൈവുകളും ഫൂട്ട് വര്‍‍ക്കും കാണേണ്ട കാഴ്ച തന്നെയായിരുന്നു. മൂന്നാം ടെസ്റ്റിന്റെ രണ്ടാമ്മിന്നിങ്സില്‍ സച്ചിനും ദ്രാവിഡും പോലും ഇരുട്ടില്‍ തപ്പിയ സമയത്ത് ഗാംഗുലി കാഴ്ച വെച്ച പ്രകടനം മാത്രം മതി ഈ പരമ്പരയിലെ പ്രകടനത്തിനെ ചുരുക്കി വിവരിക്കാന്‍. അങ്ങനെ സൌരവ് തിരിച്ചു വന്നു. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി. വായടപ്പിയ്ക്കുന്ന കളി കാഴ്ച വെച്ച സൌരവിന് മുമ്പില്‍ ഏകദിന ടീമിന്റെ വാതിലും തുറക്കപ്പെടാനാണ് സാധ്യത. ഏറെക്കാലമായി സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്ന വീരേന്ദര്‍ സെവാഗിന്റെ സ്ഥാനത്ത് ഓപ്പണറായി സൌരവ് വന്നാല്‍ അല്‍ഭുതപ്പെടാനില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇനി ഒരിക്കലും ഇന്ത്യന്‍ ജേഴ്സി അണിയില്ല എന്ന് പലരും കരുതിയ സൌരവ് തീര്‍ച്ചയായും ലോകകപ്പ് സാധ്യതാ ടീമില്‍ ഇടം പിടിയ്ക്കും.

പക്ഷെ ഇന്ത്യന്‍ സിനിമയും ക്രിക്കറ്റും ഒരു പോലെയാണെന്നാണ് ചൊല്ല്. രണ്ടിലും ലോജിക്കലായി ഒരു കാര്യവും ചെയ്ത് കാണുന്നില്ല എന്ന്. അത് കൊണ്ട് ലോകകപ്പിന്റെ കാര്യം കാത്തിരുന്ന് കാണാം. തല്‍ക്കാലം സൌരവ്.. നിനക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍! ആ പോരാട്ട വീര്യത്തിന് എന്റെ സലാം.

Tuesday, December 19, 2006

ധൂം മചാലേ.. ശ്രീശാന്ത് Vs നെല്‍

സൌത്താഫ്രിക്കയുമായി നടന്ന ആദ്യ ടെസ്റ്റില്‍ തെറിവിളിച്ച ആന്‍‌ഡ്ര്യൂ നെല്ലിനെ അടുത്ത പന്തില്‍ സിക്സടിച്ച ശ്രീശാന്തിന്റെ ആഹ്ലാദ നൃത്തം, ധൂമിലെ പാട്ടിന്റെ അകമ്പടിയിയോടെ



123 റണ്‍സിന് ഇന്‍ഡ്യ ജയിച്ചു. ശ്രീശാന്താണ് മാന്‍ ഓഫ് ദ മാച്ച്.

Monday, July 03, 2006

ഒരു എസ്.എം.എസ് സങ്കടം

എന്തെല്ലാമായിരുന്നു...റോണാള്‍ഡീഞ്ഞോ...റോബീഞ്ഞോ... ഓടിഞ്ഞോ...തിരിഞ്ഞോ.... മറിഞ്ഞോ... പിഴിഞ്ഞോ... പറഞ്ഞോ... കഴിഞ്ഞോ... കഫു.... ബഫു.... കുങ്ഫു... കാക്ക.... കൊക്ക്... കിളി... റിവാള്‍ഡോ... റോണാള്‍ഡോ... വാടോ... പോടോ...

പൊട്ടി മോനേ, പൊട്ടി.
പോയളിയാ പോയി :(

Sunday, July 02, 2006

ക്വാര്‍ട്ടറിലെ താരങ്ങള്‍

വാതുവെപ്പുകാരുടെ സ്വപ്നങ്ങളെ തകര്‍ത്ത, പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയ ഒരു വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ കൂടി വിട വാങ്ങുമ്പോള്‍, 90 കളിലെ ലാറ്റിനമേരിക്കന്‍ ആധിപത്യത്തെ തട്ടിയകറ്റി യൂറോപ്യന്‍ ഫുട്ബോള്‍ പ്രതാപം വീണ്ടെടുക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഉരുക്കിന്റെ കരുത്തുള്ള പ്രതിരോധവുമായി ഇറ്റലി, കുറ്റമറ്റ രീതിയില്‍ ആക്രമണവും പ്രതിരോധവും സമന്വയിപ്പിക്കുന്ന ജര്‍മ്മനി, ചെറുപ്പവും വേഗതയും കൈമുതലായുള്ള ‘കറുത്ത കുതിരകള്‍’ പോര്‍ച്ചുഗല്‍, പരിചയസമ്പത്തും എതിരാളികളെ കബളിപ്പിക്കുന്ന തന്ത്രങ്ങളുമായി ഫ്രാന്‍സ് എന്നിവര്‍ കലാശക്കളികള്‍ക്ക് കച്ച കെട്ടുന്നു. പ്രവചനങ്ങള്‍ അസാധ്യം!!

ക്വാര്‍ട്ടര്‍ ഫൈനലിലെ താരങ്ങളായി ഞാന്‍ രണ്ട് പേരെ തെരഞ്ഞെടുത്തിരിക്കുന്നു.

1) ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍

‘വയസന്മാരുടെ പട’ എന്ന് കളിയാക്കപ്പെട്ട ഒരു ടീമിനെ നയിച്ചെത്തിയ ഈ പ്രതിഭാശാലി വിമര്‍ശകരുടെ വായടപ്പിയ്ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വേഗതയിലുള്ള തന്റെ കുറവ് അദ്ദേഹം മികച്ച പന്തടക്കത്തിലൂടെയും കേളീപാടവത്തിലൂടെയും പരിഹരിച്ചു. ആദ്യ റൌണ്ടിലെ മങ്ങിയ പ്രകടനങ്ങളുടെ നിരാശയില്‍ ചിതറിപ്പോയ ടീമിനെ വീണ്ടും കോര്‍ത്തിണക്കി രണ്ടാം റൌണ്ടില്‍ ലോകോത്തരമായ കളി പുറത്തെടുക്കാന്‍ അദ്ദേഹത്തിനായി. ഫ്രാന്‍സ് ഈ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും സിദാന്‍ എന്ന മഹാനായ കളിക്കാരന്റെ പേരിലായിരിക്കും 2006 ലോകകപ്പ് ഓര്‍മ്മിക്കപ്പെടുക.


2) പോര്‍ച്ചുഗലിന്റെ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരി

ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെയുള്ള ജയം ലോകകപ്പില്‍ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ 12 ആമത്തെ വിജയമായിരുന്നു. അതില്‍ 7 എണ്ണം കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിന്റെ കോച്ച് എന്ന നിലയില്‍. കേമന്മാരായ കളിക്കാരുള്ളത് കൊണ്ടാണ് സ്കൊളാരി മഹാനായ കോച്ചായത് എന്ന കഴിഞ്ഞ ലോകകപ്പിലെ അടക്കിപ്പിടിച്ച സംസാരങ്ങള്‍ക്ക് ചുട്ട മറുപടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഒരു ശരാശരി ടീമുമായി വന്ന് വമ്പന്മാരെ അട്ടിമറിച്ച പോര്‍ച്ചുഗലിനെ ഇനിയും ആര്‍ക്കും തളയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പകരക്കാരെ വേണ്ട സമയത്ത് ഇറക്കുന്നതില്‍ അദ്ദേഹത്തിനുള്ള കഴിവ് അല്‍ഭുതാവഹം തന്നെയാണ്. ഈ ലോകകപ്പ് സ്കൊളാരിയുടേതാകുമോ?

നമുക്ക് കാത്തിരുന്ന് കാണാം.

Saturday, July 01, 2006

കായികലോകം:ഈ ആഴ്ച്ചത്തെ വാരഫലം:

കായികലോകം:ഈ ആഴ്ച്ചത്തെ വാരഫലം:

ബ്രഹ്മശ്രീ, വെങ്കിടങ്ങ്‌ ഇടിവാള്‍ പണിക്കര്‍....

ഇന്നലെ നടന്ന ക്വാ.ഫൈനല്‍ മല്‍സരത്തില്‍, കിരീടപ്രതീക്ഷയുമായി വന്ന അര്‍ജന്റിനയെ, ജെര്‍മനി 4-2 നു മലര്‍ത്തിയടിച്ചു. ജര്‍മനിയുടെ ഗോളി ലേഹ്‌മന്റെ, 8-ആം പാദത്തില്‍ ശുക്രദശ തെളിഞ്ഞതും, വെള്ളിയാഴ്ച വ്യാഴന്റെ അപഹാരമുണ്ടായതുമാണ്‌ രണ്ടു ഗോള്‍ തടുത്തിടാന്‍ ഇദ്ദേഹത്തെ സഹായിച്ചത്‌.

ഇനിയുള്ള കളീകളില്‍, ഇംഗ്ലണ്ടിന്റെ, കോച്ച്‌ എറിക്‍സണു, സാധാരണയുള്ള, പോര്‍ടുഗലോ ഗുളികോ ഫോബിയ, അതും ക്വാ.ഫൈനലുകള്ളില്‍ , 2-1 നു പോര്‍റ്റുഗല്‍ പെണ്ണും കൊണ്ടു പോകാനാണ്‌ യോഗം . ബെക്കാംന്റെ, ഒന്നാം പാദത്തില്‍, പരിക്കുള്ളതും, 3-ആം പാദത്തില്‍, കേതുവിന്റെ കള്ളദൃഷ്ടിയുള്ളതിനാലും, തോല്‍വിയുടെ മാര്‍ജിന്‍ കൂടിയാലും അത്ഭുതമില്ല, ( യൂറൊ കപ്പ്‌ ഓര്‍ക്കുക...)

പിന്നെയുള്ള, ബ്രസില്‍ / ഫ്രാന്‍സില്‍, വയസ്സന്‍ പടയായ ഫ്രാന്‍സിനു തെല്ലു സാധ്യത പോലുമില്ലേന്നു മനസ്സിലാക്കാന്‍ ഏതു പണിക്കനും കഴിയും ! 2-0 മോ, 3-1 ആണ്‌ ഗോള്‍ സാധ്യതകള്‍ !!!

ഇറ്റലി/ജര്‍മനി സെമി പ്രവചനം .( മറ്റന്നാള്‍ തുടങ്ങാം )

Tuesday, June 27, 2006

പഞ്ചപാവം ബി സി സി ഐ

ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു വന്‍ സംഭവമാണ് എന്ന ധാരണയാണ് ഏതൊരാള്‍ക്കും ഉണ്ടാവുക. എന്നാല്‍ നമ്മുടെ ബി സി സി ഐ ഒരു പഞ്ചപാവമാണെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്.

നമ്മുടെ
ഇടിവാള്‍ പറഞ്ഞത് പോലെ കള്ള് ഷാപ്പിന് പോലും വെബ് സൈറ്റുള്ള ഇക്കാലത്ത്, സ്വന്തമായി ഒരു സെര്‍വര്‍ പോയിട്ട് ഒരു സൈറ്റ് പോലുമില്ല നമ്മുടെ ബി സി സി അണ്ണന്മാര്‍ക്ക്. “ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍” എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റിനെ കുറിച്ചുള്ള എന്ത് ചോദ്യത്തിനും അണ്ണന്മാരുടെ മറുപടി. ഇന്ത്യ കളിക്കുന്ന കളികളുടെ ലൈവ് കമന്ററി, ഓരോ ക്യാച്ചിന്റേയും ബൌണ്ടറിയുടേയും വരെ പടങ്ങള്‍ ലൈവായി അപ്പപ്പോള്‍ തുടങ്ങി ഇന്നേ വരെ മാളോകര്‍ കണ്ടിട്ടില്ലാത്ത സെറ്റപ്പുകളൊക്കെ ഈ സൈറ്റില്‍ ഉണ്ടാവുമെന്നാണ് അവസാനമായി കേട്ടത്. പക്ഷെ ഇത് ഡാല്‍മിയ അണ്ണന്‍ പുലിയും ഗാംഗുലി പുപ്പുലിയുമായി വിലസിയിരുന്ന കാലത്താണ് കേട്ടത്. ഇപ്പോഴത്തെ അണ്ണന്മാരും പണ്ടത്തെ അണ്ണന്മാരും തമ്മിലുള്ള മൊഡയില്‍ പെട്ട് സൈറ്റിന്റെ ചീട്ട് കീറി എന്നാണെനിക്ക് തോന്നുന്നത്. ഇനി ഇതിനൊന്നും സമയമില്ലാഞ്ഞിട്ടാവുമോ ?

ഇത് കണ്ടപ്പോളാണ് ബി സി സി ഐയെ ഓര്‍ത്ത് എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞത്. ലോക ക്രിക്കറ്റിന്റെ മേലാളന്മാ‍രായ ഐ സി സി യുടെ വെബ് സൈറ്റില്‍ കൊടുക്കാന്‍ സ്വന്തമായി ഒരു തപാല്‍ മേല്‍ വിലാസം പോലും ഇല്ലാത്തവരാണ് ഇവര്‍. കൊടുത്തിരിക്കുന്ന മേല്‍ വിലാസം മുന്‍ സെക്രട്ടറി ശ്രീ.എസ്.കെ.നായര്‍ സാറിന്റെ വീടിന്റേതാണെന്ന് തോന്നുന്നു. അണ്ണന്മാര്‍ തമ്മില്‍ ഉടക്ക് നിലനില്‍ക്കുകയാണ് എന്നിരിക്കെ, ഈ വിലാസത്തില്‍ വരുന്ന കത്തുകള്‍ ‍നായര്‍ സാര്‍ ബി സി സി ഐക്ക് കൈമാറാറുണ്ടോ ആവോ.

എന്തായാലും പാവം നമ്മുടെ ബി സി സി ഐ.

Monday, June 26, 2006

താരതമ്യം ചെയ്യുമ്പോള്‍......

സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി അറിയപ്പെടുന്നു. അതുപോലെത്തന്നെ ഷെയ്ന്‍ വോണ്‍ ഈ കാലഘട്ടത്തിലെ സ്പിന്നര്‍മാരില്‍ മുന്നിട്ട് നില്‍ക്കുന്നതായും. ഇവരെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഉടന്‍ മനസ്സില്‍ വരുന്ന രണ്ട് പേരുകളാണ് സുനില്‍ ഗവാസ്കറും മുത്തയ്യാ മുരളീധരനും. ഒരേ ശ്വാസത്തില്‍ പേരുകള്‍ പറയുമെങ്കിലും മുരളിയുടേയും ഗവാസ്കറുടേയും സ്ഥാനം വിവിന്റേയും വോണിന്റേയും ഒരു പടി പിന്നിലാണെന്നാണ് പലപ്പോഴും പറഞ്ഞ് കേള്‍ക്കാറുള്ളത്. (മുരളിയുടെയും വോണിന്റേയും സ്ഥാനങ്ങളെ പറ്റി തര്‍ക്കം നിലനില്‍ക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. Sub continentല്‍ നിന്നുള്ള ക്രിക്കറ്റ് നിരീക്ഷകര്‍ മുരളിക്ക് വേണ്ടി വാദിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ ഭൂരിപക്ഷവും വോണിനെ പിന്താങ്ങുന്നു. )

പറഞ്ഞ് വരുന്ന കാര്യം ഇതാണ്. വിവ് കളിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും വിനാശകാരമായ ബൌളിങ് നിര വിന്റീസിന്റേതായിരുന്നു. ഒന്ന് തിരിച്ച് വായിച്ചാല്‍ തന്റെ കാലത്തെ മികച്ച ബൌളിങ് നിരയെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സിന് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല എന്നും പറഞ്ഞ് കൂടേ. എന്നാല്‍ ഗവാസ്കറുടെ കരിയറിലെ മികച്ചവയെന്ന് അറിയപ്പെടുന്ന ഇന്നിങ്സുകളില്‍ അധികവും വെസ്റ്റ് ഇന്‍ഡീസിന് എതിരെയായിരുന്നു ( ടെസ്റ്റില്‍ 13/34 സെഞ്ച്വറികള്‍, 2749 റണ്‍സ് 65.45 ശരാശരിയില്‍ വിന്റീസിനെതിരെ) . ഈ ഒരു കോണിലൂടെ നോക്കുമ്പോള്‍ ഗവാസ്കറുടെ സ്ഥാനം എന്താണ് ? തീര്‍ച്ചയായും വിവിനൊപ്പം എന്നാണ് എന്റെ പക്ഷം.

ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ് നിര ഓസീസിന്റേതാണെന്നിരിക്കെ മുരളിയേയും വോണിനേയും താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതിവിവര കണക്കുകളുടെ കൂടെത്തന്നെ ഈ ഒരു കോണിലൂടേയും നമ്മള്‍ നോക്കേണ്ടതല്ലേ?

Sunday, June 25, 2006

കായികലോകം....

ബൂലോകവാസികളേ, ഈ വര്‍ഷത്തെ ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് നമ്മള്‍ തുടങ്ങിയ ഫിഫ ലോക കപ്പ് 2006 ബ്ലോഗില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, കായിക മത്സരങ്ങളേക്കുറിച്ച് പൊതുവില്‍ പ്രതിപാദിക്കാന്‍ വേണ്ടിയാണ്‌ ഈ ബ്ലോഗ് ആരംഭിക്കുന്നത്.

എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.

സഹായിക്കുക, സഹകരിക്കുക.