കായികലോകം

മലയാളിയുടെ കായികലോകം.. (എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.)

Sunday, July 02, 2006

ക്വാര്‍ട്ടറിലെ താരങ്ങള്‍

വാതുവെപ്പുകാരുടെ സ്വപ്നങ്ങളെ തകര്‍ത്ത, പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയ ഒരു വേള്‍ഡ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ കൂടി വിട വാങ്ങുമ്പോള്‍, 90 കളിലെ ലാറ്റിനമേരിക്കന്‍ ആധിപത്യത്തെ തട്ടിയകറ്റി യൂറോപ്യന്‍ ഫുട്ബോള്‍ പ്രതാപം വീണ്ടെടുക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഉരുക്കിന്റെ കരുത്തുള്ള പ്രതിരോധവുമായി ഇറ്റലി, കുറ്റമറ്റ രീതിയില്‍ ആക്രമണവും പ്രതിരോധവും സമന്വയിപ്പിക്കുന്ന ജര്‍മ്മനി, ചെറുപ്പവും വേഗതയും കൈമുതലായുള്ള ‘കറുത്ത കുതിരകള്‍’ പോര്‍ച്ചുഗല്‍, പരിചയസമ്പത്തും എതിരാളികളെ കബളിപ്പിക്കുന്ന തന്ത്രങ്ങളുമായി ഫ്രാന്‍സ് എന്നിവര്‍ കലാശക്കളികള്‍ക്ക് കച്ച കെട്ടുന്നു. പ്രവചനങ്ങള്‍ അസാധ്യം!!

ക്വാര്‍ട്ടര്‍ ഫൈനലിലെ താരങ്ങളായി ഞാന്‍ രണ്ട് പേരെ തെരഞ്ഞെടുത്തിരിക്കുന്നു.

1) ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍

‘വയസന്മാരുടെ പട’ എന്ന് കളിയാക്കപ്പെട്ട ഒരു ടീമിനെ നയിച്ചെത്തിയ ഈ പ്രതിഭാശാലി വിമര്‍ശകരുടെ വായടപ്പിയ്ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വേഗതയിലുള്ള തന്റെ കുറവ് അദ്ദേഹം മികച്ച പന്തടക്കത്തിലൂടെയും കേളീപാടവത്തിലൂടെയും പരിഹരിച്ചു. ആദ്യ റൌണ്ടിലെ മങ്ങിയ പ്രകടനങ്ങളുടെ നിരാശയില്‍ ചിതറിപ്പോയ ടീമിനെ വീണ്ടും കോര്‍ത്തിണക്കി രണ്ടാം റൌണ്ടില്‍ ലോകോത്തരമായ കളി പുറത്തെടുക്കാന്‍ അദ്ദേഹത്തിനായി. ഫ്രാന്‍സ് ഈ ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും സിദാന്‍ എന്ന മഹാനായ കളിക്കാരന്റെ പേരിലായിരിക്കും 2006 ലോകകപ്പ് ഓര്‍മ്മിക്കപ്പെടുക.


2) പോര്‍ച്ചുഗലിന്റെ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരി

ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെയുള്ള ജയം ലോകകപ്പില്‍ അദ്ദേഹത്തിന്റെ തുടര്‍ച്ചയായ 12 ആമത്തെ വിജയമായിരുന്നു. അതില്‍ 7 എണ്ണം കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിന്റെ കോച്ച് എന്ന നിലയില്‍. കേമന്മാരായ കളിക്കാരുള്ളത് കൊണ്ടാണ് സ്കൊളാരി മഹാനായ കോച്ചായത് എന്ന കഴിഞ്ഞ ലോകകപ്പിലെ അടക്കിപ്പിടിച്ച സംസാരങ്ങള്‍ക്ക് ചുട്ട മറുപടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഒരു ശരാശരി ടീമുമായി വന്ന് വമ്പന്മാരെ അട്ടിമറിച്ച പോര്‍ച്ചുഗലിനെ ഇനിയും ആര്‍ക്കും തളയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പകരക്കാരെ വേണ്ട സമയത്ത് ഇറക്കുന്നതില്‍ അദ്ദേഹത്തിനുള്ള കഴിവ് അല്‍ഭുതാവഹം തന്നെയാണ്. ഈ ലോകകപ്പ് സ്കൊളാരിയുടേതാകുമോ?

നമുക്ക് കാത്തിരുന്ന് കാണാം.

6 Comments:

At Sunday, July 02, 2006 8:22:00 AM, Blogger Unknown said...

ലോകകപ്പ് ക്വാര്‍ട്ടറില്‍ എന്റെ കണ്ണില്‍ തടഞ്ഞ രണ്ട് താരങ്ങള്‍. വിലയിരുത്തുവിന്‍! വിമര്‍ശിക്കുവിന്‍!!

 
At Sunday, July 02, 2006 8:47:00 AM, Blogger ഇടിവാള്‍ said...

ദില്‍ബുവെ....

നമുക്കീ കായികലോകം ടെമ്പ്ലേറ്റ്‌ മാറ്റണം..

കറുപ്പിനു പകരം വെളുത്ത ബാക്‌ക്‍ഗ്രവുണ്ടില്‍, സിമ്പിള്‍ ആയതു മതിയെന്നാ അഭിപ്രായം..

 
At Sunday, July 02, 2006 8:56:00 AM, Blogger Unknown said...

ഇടിവാള്‍ ഗെഡ്യേ...

ഗെഡി പറഞ്ഞത് ശരിയാണ്.മാറ്റാം.അഡ്മിന്‍ പവര്‍ ശനിയന്റെ കൈയ്യിലാണെന്ന് തോന്നുന്നു.

 
At Sunday, July 02, 2006 9:06:00 AM, Blogger Kalesh Kumar said...

ദില്ബാ, സിഡാന്‍ പുലി തന്നെയാ.
മറ്റേ കക്ഷിയെ എനിക്ക് വല്യ പിടിയില്ല.
ഏതായാലും ഉലകക്കോപ്പൈ ജര്‍മനി കൊണ്ടുപോകും. നോക്കിക്കൊ!

 
At Sunday, July 02, 2006 9:58:00 AM, Blogger Unknown said...

കലേഷ് മാഷെ,
സ്കൊളാരിയെ അറിയില്ലാന്ന് പറഞ്ഞാല്‍ മോശാണേ...

 
At Sunday, July 02, 2006 10:10:00 AM, Blogger ശനിയന്‍ \OvO/ Shaniyan said...

ഇതുമതിയോ ഇടി-ദില്‍ബാസ് മാഷമ്മാരെ? ആ പോസ്റ്റുകള്‍ക്കിട്ടിരിക്കണ കളേഴ്സ് ഒന്നു നോര്‍മ്മലാക്കിയാല്‍ വായിക്കാം..

 

Post a Comment

<< Home