കായികലോകം

മലയാളിയുടെ കായികലോകം.. (എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.)

Monday, January 08, 2007

വീണ്ടും സൌരവ്!

സൌരവ് ഗാംഗുലി എന്ന കളിക്കാരന്‍ മങ്ങിത്തുടങ്ങിയിരുന്നു എന്നത് സത്യമാണ്. തിരിച്ചു വരവിന് ശ്രമിയ്ക്കാതെ കീഴടങ്ങുന്ന തരത്തിലുള്ള ഇന്നിങ്സുകള്‍ അദ്ദേഹത്തിന്റെ പതനത്തിന് ആക്കം കൂട്ടി. വളരെ ഇമോഷണലും മൂഡിയുമായിട്ടുള്ള അദ്ദേഹത്തിന്റെ പ്രകൃതം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ടീമില്‍ നിന്ന് പുറത്ത് പോകുക എന്നത് അദ്ദേഹത്തിന് അനിവാര്യമായിരുന്നു.ബിസിസിഐയുടെ തലപ്പത്തെ രാഷ്ട്രീയ നേതൃത്വമാറ്റവും ചാപ്പലുമായുണ്ടായ ഭിന്നതയും ഈ പുറത്ത് പോക്ക് വളരെ മോശമായ ഒരു രീതിയിലാക്കി.മാധ്യമങ്ങള്‍ എല്ലാം ആഘോഷിച്ചു.

പക്ഷെ ഗാംഗുലി എന്ന കളിക്കാരന് പകരക്കാരന്‍ തല്‍ക്കാലം ഇന്ത്യന്‍ ക്രിക്കറ്റിലില്ലായിരുന്നു എന്നതാണ് സത്യം. അവസരം നല്‍കിയ സുരേഷ് റൈനയും ദിനേശ് കാര്‍ത്തിക്കുമൊക്കെ പ്രതീക്ഷയ്കൊത്ത് ഉയരാതിരുന്നപ്പോഴും രാഷ്ട്രീയക്കളികള്‍ സൌരവിന്റെ സെലക്ഷന് വിലങ്ങ് തടിയായി. സൌരവ് ഇംഗ്ലിഷ് കൌണ്ടിയില്‍ കളിച്ചെങ്കിലും ഫോം വീണ്ടെടുത്തില്ല എന്നതും പ്രസ്താവ്യമാണ്.

സൌരവിന്റെ വിരമിയ്ക്കല്‍ പ്രഖ്യാപനം ഏത് നിമിഷവും ജനം പ്രതീക്ഷിച്ചു. പക്ഷേ സൌരവ് ബംഗാളിന് വേണ്ടിയും ഈസ്റ്റ് സോണിന് വേണ്ടിയുമൊക്കെ വീണ്ടും പാഡണിഞ്ഞു. തല്‍ക്കാലം വിരമിയ്ക്കല്‍ പരിഗണനയിലില്ല എന്ന് തുറന്ന് പറഞ്ഞു.കൂറ്റന്‍ സ്കോറുകള്‍ അപ്പോഴും സൌരവിന്റെ ബാറ്റില്‍ നിന്ന് വന്നില്ല. എങ്കിലും ഭേദപ്പട്ട പ്രകടനങ്ങള്‍ മെല്ലെ പുറത്ത് വന്ന് തുടങ്ങി. Form is temporary, class is permanent എന്ന പ്രസിദ്ധമായ ക്രിക്കറ്റ് തത്വം ഓര്‍മ്മിപ്പിയ്ക്കുന്ന ചില കളികളെങ്കിലും ഡൊമസ്റ്റിക്ക് സര്‍ക്യൂട്ടില്‍ ഗാംഗുലി കാഴ്ച വെച്ചു.

സെലക്റ്റര്‍മാര്‍ക്ക് ഗാംഗുലിയെ തഴയുക എന്നത് എളുപ്പമല്ലാതായി. സൌത്താഫ്രിക്കയിലെ ഏകദിനപരമ്പരയിലേറ്റ വമ്പന്‍ പരാജയം സൌരവിനെ തിരിച്ച് കൊണ്ടുവരുവാനുള്ള മുറവിളികളുടെ ശബ്ദം കൂട്ടി. ഒടുവില്‍ യുവരാജിന്റെ കയ്യിനേറ്റ പരിക്കിന്റെ രൂപത്തില്‍ ഗാഗുലിയെ ഭാഗ്യം കടാക്ഷിച്ചു. യുവരാജ് ടെസ്റ്റ് പരമ്പരയില്‍ കളിയ്ക്കില്ല എന്ന് ഉറപ്പായതും കൈഫിന്റെ മോശം ഫോമും സൌരവിന്റെ വഴികളടയ്ക്കാന്‍ ആര്‍ക്കും പറ്റാത്ത രീതിയിലാക്കി. അങ്ങനെ സൌരവിന് അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റ് ഒരു അവസരം കൂടി നല്‍കി.

ഇത്രയും കളിക്കളത്തിലെ കാര്യം. ഇന്ത്യയില്‍ കളിക്കളത്തില്‍ മാത്രമായി ഒരു കളിയും ഒതുങ്ങാറില്ലല്ലോ. പലപ്പോഴും പുത്തുള്ള കളികള്‍ മേല്‍ക്കൈ നേടാറുമുണ്ട്. സൌരവിന്റെ തിരിച്ചു വരവിന്റെ കാര്യവും വ്യത്യസ്തമല്ല. മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ മാനസപുത്രനായിരുന്ന ഗാംഗുലി, ഡാല്‍മിയ തെരെഞ്ഞെടുപ്പില്‍ തോറ്റ് ശരത് പവാര്‍ പ്രസിഡന്റായ ഉടന്‍ ടീമില്‍ നിന്ന് പുറത്തായി. ഇനി ഒരിക്കലും സൌരവ് തിരിച്ച് വരില്ല എന്ന് വ്യംഗ്യാര്‍ത്ഥത്തിലായിട്ടാണെങ്കിലും പുതിയ സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ വിക്കറ്റ് കീപ്പറുമായ കിരണ്‍ മോറെ പ്രഖ്യാപിക്കുകയും ചെയ്തു. കളിയില്‍ മാത്രമൊതുങ്ങാതെ ടീമില്‍ അധികാര രാഷ്ട്രീയം കളിയ്ക്കുന്നു എന്ന് പലരും പരാതിപ്പെട്ടിരുന്ന ഗാംഗുലി വാളെടുത്തവന്‍ വാളാല്‍ എന്ന സ്തിതിയിലായി.

പിന്നീട് പലപ്പോഴായി വന്ന പത്രപ്രസ്താവനകളില്‍ നിന്ന് ഗാംഗുലി ഡാല്‍മിയയില്‍ നിന്ന് അകലാന്‍ ശ്രമിയ്ക്കുന്നതായാണ് കാണാന്‍ കഴിയുന്നത്.സൌരവ് ശരത് പവാറുമായി പല കൂടിക്കാഴ്ചകളും നടത്തി. തന്റെ തിരിച്ച് വരവിന് പ്രതിഫലമായി സൌരവ് പവാര്‍ ക്യാമ്പുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് ഊഹാപോഹങ്ങള്‍ പടര്‍ന്നു. സൌരവ് ടീമില്‍ തിരിച്ചെത്തിയതിന് ശേഷം നടന്ന ബിസിസിഐ മീറ്റിങ്ങില്‍ 1996ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന് ലോകകപ്പിലെ വരുമാനക്കണക്കിലെ ചില പാകപ്പിഴകള്‍ക്കും അധികാരദുരുപയോഗത്തിനും ആരോപണ വിധേയനായിരുന്ന ഡാല്‍മിയയെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി പുറത്താക്കി എന്നതും ശ്രദ്ധേയമാണ്.

ടീമില്‍ തിരിച്ചെത്തുക എന്നത് ഗാംഗുലിയെ കാത്തിരുന്ന അഗ്നിപരീക്ഷകളുടെ ഒരു തുടക്കം മാത്രമായിരുന്നു. ഒരിക്കല്‍ കൂടി പരാ‍ജയപ്പെട്ടാല്‍ മാന്യമായ ഒരു വിടവാങ്ങലിന് പോലും അവസരം ലഭിയ്ക്കാത്ത വിധം അപഹാസ്യനാവും എന്ന കാര്യം മറ്റാരേക്കാളും നന്നായി ഗാഗുലിക്കറിയാമായിരിക്കണം. സ്വരച്ചേര്‍ച്ചയില്ലാത്ത കോച്ചും സെലക്ഷന്‍ പാനലിന്റെ മുമ്പില്‍ ഗാംഗുലിയെ തുറന്നെതിര്‍ത്തു എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ക്യാപ്റ്റനുമുള്ള ടീമില്‍ ഗാംഗുലി ശാന്തനായി കാണപ്പെട്ടു. മാധ്യമങ്ങള്‍ നക്കാന്‍ കാത്തിരുന്ന ചോര ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും ഒറ്റി വീണില്ല.

ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഗാംഗുലിയുടെ ബോഡി ലാംഗ്വേജ് മുമ്പ് കണ്ടിട്ടുള്ളതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. തന്റെ ബലഹീനതകളെ വ്യക്തമായി വിലയിരുത്തിയതായി തോന്നിച്ച ഗാംഗുലി സൌത്താഫ്രിക്കന്‍ ബൌളിങ്ങിന് മുന്നില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വേറിട്ട് നിന്നു. സാഹചര്യങ്ങള്‍ക്കനുസൃതമായി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് തികച്ചും പ്രൊഫഷണല്‍ രീതിയില്‍ ബാറ്റ് ചെയ്ത ഗാംഗുലി പരമ്പരയിലെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ടോപ് സ്കോററുമായി.സൌത്താഫ്രിക്ക പോലുള്ള വേഗവും ബൌണ്‍സും കൂടിയ പിച്ചുകളില്‍ as good as dead എന്ന് വിശേഷിപ്പിയ്ക്കപ്പെടുകയും ഏറെക്കുറെ ആ രീതിയില്‍ തന്നെ കളിയ്ക്കുകയും ചെയ്തിരുന്ന ഗാംഗുലിയേ അല്ലായിരുന്നു ഈ പരമ്പരയില്‍.

സൌരവിന്റെ പുകള്‍ പെറ്റ പുള്‍ ഷോട്ടുകളും പണ്ട് ‘ഓഫ് സൈഡിലെ ദൈവം’ എന്ന വിശേഷണം നേടിയെടുക്കാന്‍ കാരണമായ ഡ്രൈവുകളും ഫൂട്ട് വര്‍‍ക്കും കാണേണ്ട കാഴ്ച തന്നെയായിരുന്നു. മൂന്നാം ടെസ്റ്റിന്റെ രണ്ടാമ്മിന്നിങ്സില്‍ സച്ചിനും ദ്രാവിഡും പോലും ഇരുട്ടില്‍ തപ്പിയ സമയത്ത് ഗാംഗുലി കാഴ്ച വെച്ച പ്രകടനം മാത്രം മതി ഈ പരമ്പരയിലെ പ്രകടനത്തിനെ ചുരുക്കി വിവരിക്കാന്‍. അങ്ങനെ സൌരവ് തിരിച്ചു വന്നു. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി. വായടപ്പിയ്ക്കുന്ന കളി കാഴ്ച വെച്ച സൌരവിന് മുമ്പില്‍ ഏകദിന ടീമിന്റെ വാതിലും തുറക്കപ്പെടാനാണ് സാധ്യത. ഏറെക്കാലമായി സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്ന വീരേന്ദര്‍ സെവാഗിന്റെ സ്ഥാനത്ത് ഓപ്പണറായി സൌരവ് വന്നാല്‍ അല്‍ഭുതപ്പെടാനില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇനി ഒരിക്കലും ഇന്ത്യന്‍ ജേഴ്സി അണിയില്ല എന്ന് പലരും കരുതിയ സൌരവ് തീര്‍ച്ചയായും ലോകകപ്പ് സാധ്യതാ ടീമില്‍ ഇടം പിടിയ്ക്കും.

പക്ഷെ ഇന്ത്യന്‍ സിനിമയും ക്രിക്കറ്റും ഒരു പോലെയാണെന്നാണ് ചൊല്ല്. രണ്ടിലും ലോജിക്കലായി ഒരു കാര്യവും ചെയ്ത് കാണുന്നില്ല എന്ന്. അത് കൊണ്ട് ലോകകപ്പിന്റെ കാര്യം കാത്തിരുന്ന് കാണാം. തല്‍ക്കാലം സൌരവ്.. നിനക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍! ആ പോരാട്ട വീര്യത്തിന് എന്റെ സലാം.

12 Comments:

At Monday, January 08, 2007 3:58:00 AM, Blogger Unknown said...

കായികലോകം ഇതാ തിരിച്ച് വന്നിരിക്കുന്നു സൊരവ് ഗാംഗുലിയെ പോലെ.

“ഡാ ദില്‍ബാ.. ഗാഗുലി തിരിച്ച് വന്നിട്ട് അതും കായികലോകത്തിന്റെ മെമ്പറായിട്ട് നീയൊരു പോസ്റ്റിട്ടില്ലെങ്കില്‍ പിന്നെ എന്തിനാ കോപ്പേ നീയിങ്ങനെ നടക്കണേ“ എന്ന് ഇന്നലെ ആരോ ഉറക്കത്തില്‍ പറഞ്ഞു.പ്രേതമായിരിക്കും.പാവം, അതിന്റെ മനസ്സ് വേദനിക്കരുതല്ലോ എന്ന് കരുതി ദാ ഇത് പോസ്റ്റുന്നു.

 
At Monday, January 08, 2007 4:20:00 AM, Blogger അതുല്യ said...

നല്ല ലേഖനം. തമാശപറയുന്ന ദില്‍ബൂ ഇതെഴുതിയതെനിക്കല്‍ഭുതം!Very good form !

(ക്രിക്കറ്റ്‌ ഫാന്‍ ദിലുബൂന്റെ ഓഫീസ്‌ റ്റേബിളില്‍ മൂന്ന് റ്റ്രേ കള്‍ കാണാം. :

"ഇന്‍"

'ഔട്ട്‌"

പിന്നെ

"എല്‍.ബി.ഡബ്ലിയൂ" !!

(Dont ask me the full word)

 
At Monday, January 08, 2007 4:31:00 AM, Blogger സുല്‍ |Sul said...

"തല്‍ക്കാലം സൌരവ്.. നിനക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍! ആ പോരാട്ട വീര്യത്തിന് എന്റെ സലാം. "

ദില്‍ബുവിനും ഗാംഗുലിക്കും ഒരുമിച്ച് എന്റെയും ഒരു സലാം.

-സുല്‍

 
At Monday, January 08, 2007 4:33:00 AM, Anonymous Anonymous said...

കാര്‍മേഘത്തിന്‌ സൂര്യനെ അധികസമയം മറയ്കാനാകില്ല. കുറച്ചുസമയത്തിന്‌ശേഷം അര്‍ക്കന്‍ പൂര്‍വാധികം ശോഭയോടെ ജ്വലിക്കും! പ്രതിഭയുള്ളവന്‌ വിമര്‍ശകരുടെ വായടക്കാന്‍ കഴിയുമെന്നുറപ്പ്‌. സച്ചിന്‌ ശേഷം ഇന്‍ഡ്യക്കുവേണ്ടി ഏറ്റവുംകൂടുതല്‍ റണ്‍ വേട്ടനടത്തിയ ദാദയെ അങ്ങനെയങ്ങ്‌ ഒതുക്കാന്‍ ഒരു മോറേയോ, ചാപ്പലോ വിചാരിച്ചാല്‍ നടക്കുമോ? ദാദായുടെ പാട്ടുനിര്‍ത്താനായിട്ടില്ല! സൗരവ്‌ കുറേക്കാലം മോശംഫോമിലായിരുന്നു കളിച്ചിരുന്നതെന്നത്‌ ശരിയാണ്‌ പക്ഷെ അപ്പോള്‍പോലും ചോദ്യം ചെയ്യപ്പെടാത്ത, എതിരാളികള്‍ പോലും(ഇന്‍ഡ്യയിലെ രാഷ്ട്രീയ,സെലക്ഷന്‍ കമ്മറ്റി,ഇഗോഭരിക്കുന്ന, മോറേ, ചാപ്പല്‍ പ്രഭൃതികളല്ല!)അംഗീകരിച്ചിരുന്ന നായകനായിരുന്നു ദാദ. പിന്നെ ക്യാപ്റ്റനായിരുന്ന കാലത്ത്‌ ഇന്‍ഡ്യയെ ഏറ്റവും കൂടുതല്‍ കളിജയിപ്പിച്ച്‌ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്‌.ക്യാപ്റ്റന്‍സിയുടെ അവസാനകാലത്ത്‌ ഫോമിലേക്ക്‌ തിരിച്ചുവന്നിട്ടും(സിംബാബ്‌വേ പര്യടനത്തില്‍ നേടിയ സെഞ്ചുറി തന്നെ തെളിവ്‌) കേവലം ഈഗോപ്രശ്നങ്ങളുടെ പേരിലും, തറരാഷ്ട്രീയത്തിന്റെയും ബലിയാടായി കിരീടം നഷ്ടപ്പെട്ട രാജകുമാരന്‍,തിരിച്ചുവരണമെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചിരുന്ന, ആഗ്രഹിച്ചിരുന്ന ആയിരങ്ങളുടെ പിന്തുണ ദാദായുടെ തുണയ്ക്കുണ്ടായിരുന്നു.

മോശംഫോം എല്ലാവരുടേയും കരിയറില്‍ ഉണ്ടായിട്ടുണ്ട്‌. ഒരു അര്‍ദ്ധസെഞ്ചുറിപോലുമില്ലാതെ 17ടെസ്റ്റുകളില്‍ മാര്‍ക്‍ടെയിലര്‍ ഓസിസിനെ നയിച്ചിരുന്നു. ടീം ജയിച്ചിരുന്നതിനാല്‍ പ്രതിഭാദാരിദ്ര്യം അശേഷമില്ലാത്ത ഓസീസിനുപോലും അദ്ദേഹത്തിനെ തെറിപ്പിക്കണമെന്ന്‌ തോന്നിയില്ല. ഇപ്പറയുന്ന സച്ചിന്‍ ക്യാപ്റ്റനായിരുന്ന അവസരം മറന്നുപോയോ? തുടര്‍ച്ച്യായി എത്ര ഇന്നിങ്ങ്‌സുകളില്‍ അദ്ദേഹം ആകാലയളവില്‍ ഒരുബാധ്യതയായിരുന്നു? ദ്രാവിഡ്‌ എന്ന 'വാള്‍' കൊട്ടിനശിപ്പിച്ച ഓവറുകളും അതുമൂലം തോറ്റമത്സരങ്ങളും മറന്നു പോകരുത്‌.വിക്കറ്റിനുപിറകിലെ പ്രകടനം തരക്കേടില്ലെങ്കിലും, വിക്കറ്റിനുമുന്നിലെ,ഏക ദിനത്തിലേയും,ടെസ്റ്റിലേയും മോറെയുടെ പ്രകടനം അത്രമികച്ചതൊന്നുമല്ല.നയന്‍ മോംഗിയ അതിനേക്കളെത്രയോ ഭേദമായിരുന്നു. തന്റെ സെലക്ഷന്‍ കാലത്തിനിടയില്‍ സൗരവ്‌ ഒരിക്കലും തിരിച്ചുവരില്ലെന്നുള്ള അയാളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവന ഒരു സെലക്ഷന്‍കമ്മിറ്റിചെയര്‍മാന്‌ ചേര്‍ന്നതായിരുന്നില്ല. അവസാനം ആഭ്യന്തരക്രിക്കറ്റിലെ മിന്നുന്ന പ്രകടനങ്ങളിലൂടെ സെലക്റ്റര്‍മാര്‍ക്ക്‌ പരിഗണിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്നായപ്പോഴാണ്‌ സൗരവിന്‌ അവസരം ലഭിച്ചത്‌.ഇന്‍ഡ്യന്‍ ക്രിക്കറ്റിലെ അഭിനവ ദൈവങ്ങളായി വിരാജിക്കുന്നവര്‍ക്ക്‌, കരിയറിന്റെ അവസാനം ഈഗതിവരാതിരിക്കട്ട്‌! ഇനിയും ഒരുപാട്‌ മികച്ചഇന്നിംഗ്സുകള്‍ കാഴ്ചവെക്കാനും, വിമര്‍ശകരുടെ വായമൂടിക്കെട്ടാനും ദാദ യ്കാകും.ഇനി മറ്റുള്ളവര്‍ ദാദയുടെ വിരമിക്കലിനെക്കുറിച്ച്‌ ചിന്തിച്ച്‌ വശംകെടേണ്ട, കാരണം പ്രായമാണ്‌ പ്രശ്നമെങ്കില്‍, സച്ചിനും, ദ്രാവിഡുമൊന്നും ദാദയേക്കള്‍ അത്രകുട്ടികളൊന്നുമല്ലല്ലോ? ഇന്‍ഡ്യന്‍ക്രിക്കറ്റിലെ കിരീടംവെക്കാത്ത രാജകുമാരന്‌ എല്ലാഭാവുകങ്ങളും നേരുന്നതോടൊപ്പം വരുന്ന എല്ലാസീരീസുകളിലും മികച്ച്പ്രകടനം കാഴ്ചവെച്ച്‌, ടീമിന്റെ നായകത്വത്തിലേക്ക്‌ കൂടി തിരിച്ചുവരവ്‌ നടത്തട്ടേയെന്ന് ആശംസിക്കുന്നു, അതിനായി സര്‍വശക്തന്‍ അനുഗ്രഹിക്കട്ടേയെന്ന്‌ പ്രാര്‍ത്ഥിക്കുന്നു!

 
At Monday, January 08, 2007 4:40:00 AM, Blogger Unknown said...

അതുല്ല്യാമ്മേ: Jack of all trade, master of none എന്നാണല്ലോ ബിമ്പിസാരന്‍ പറഞ്ഞിട്ടുള്ളത്. ബൈ ദി ബൈ LBW=Leg before wicket :-)

സുല്‍ മാഷേ: സലാം നമസ്തേ! :-)

ഷാനവാസ്: പോസ്റ്റാക്കൂ മാഷേ ഇതെല്ലാം... :-)

 
At Monday, January 08, 2007 4:47:00 AM, Blogger മുസ്തഫ|musthapha said...

rgirishkumar സൌരവിനെ കുറിച്ച് ഇട്ട പോസ്റ്റിലെ എന്‍റെ കമന്‍റ് തന്നെ ഇവിടെയും ചേര്‍ക്കുന്നു

ഗാംഗുലിയുടെ ടീമിലേക്കും ഫോമിലേക്കും ഉള്ള തിരിച്ചു വരവ് വളരെ നല്ല കാര്യം തന്നെ. എങ്കിലും ഇനിയെത്ര നാള്‍ കൂടി എന്ന കാര്യം ഗാംഗുലി ചിന്തിക്കേണ്ട വസ്തുതയാണ്. ഫോം തീര്‍ത്തും മങ്ങി ടീമില്‍ നിന്നും പുറംതള്ളി, ഒരു മാന്യമായ വിടവാങ്ങലിന് കൂടി, ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപറ്റന് അവസരമൊരുക്കി കൊടുക്കാത്ത ഒരു മാനേജ്മെന്‍റില്‍ നിന്ന് എന്തും എപ്പോഴും പ്രതീക്ഷിക്കാം.

ഫോമിലുള്ളപ്പോള്‍ കയ്യടിക്കാനും ഫോം നഷ്ടപ്പെടുമ്പോള്‍ കൂവാനും മാത്രേ കാണികളും ആരാധകരും ശ്രദ്ധിക്കൂ, മുന്‍പ് നല്‍കിയ സംഭാവനകളെല്ലാം ഒരു പിഴവില്‍ വിസ്മൃതിയിലേക്ക് തള്ളാന്‍ ആരാധകര്‍ക്കും പത്രങ്ങള്‍ക്കും ഒട്ടു ബുദ്ധിമുട്ടുണ്ടാവില്ല.

സ്വരം നന്നായാല്‍ പാട്ടു നിറുത്തുക എന്നതായിരിക്കാം ഗാംഗുലിക്ക് ഇനി തിരഞ്ഞെടുക്കാവുന്ന നല്ല കാര്യം എന്നെനിക്ക് തോന്നുന്നു.

----


"സൌരവിന്‍റെ പോരാട്ട വീര്യത്തിന് എന്‍റെയും സലാം"

 
At Monday, January 08, 2007 5:19:00 AM, Blogger വിചാരം said...

നല്ല ലേഖനം ( ഒരു സ്വകാര്യം എനിക്ക് ക്രിക്കറ്റിനെ കുറിച്ചൊന്നുമറിയില്ല എന്നോട് ക്ഷമീര്)

 
At Monday, January 08, 2007 5:49:00 AM, Blogger Unknown said...

അഗ്രജേട്ടാ,
ഫോം സ്ഥിരമായി നിലനില്‍ക്കുന്ന ഒരു സംഗതിയല്ലല്ലോ. ലോകത്തെ എല്ലാ ടീമുകളും ഇന്ന് ഏറ്റവും ഫോമിലുള്ള കളിക്കാരെ തെരഞ്ഞെടുത്ത് ടീമില്‍ ഉള്‍പ്പെടുത്തുന്നു. മറ്റുള്ളവര്‍ വിരമിക്കുക എന്നല്ല. ഡൊമസ്റ്റിക് ക്രിക്കറ്റിലും മറ്റും കളിച്ച് വീണ്ടും ഫോമിലേയ്ക്കുയരുക എന്നതാണ് രീതി.

പ്രതിഭ വറ്റിയ ഒരു കളിക്കാരന്റെ കാര്യം വ്യത്യസ്തമാണ്. പ്രതിഭ വറ്റിയാല്‍ പിന്നെ സ്വാഭാവികമായും ആഭ്യന്തരക്രിക്കറ്റിലും പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വരികയും പൂര്‍ണമായും തഴയപ്പെടുകയും ചെയ്യും (പല ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍മാരും സ്പിന്നര്‍മാരും ഉദാഹരണം). അങ്ങിനെയുള്ളവര്‍ വിരമിക്കുക തന്നെയാണ് നല്ലത്.

പക്ഷെ ഗാംഗുലിയുടെ കാര്യം വ്യത്യസ്തമല്ലേ? അദ്ദേഹം പ്രതിഭ തെളിയിച്ചാണ് തിരിച്ച് വന്നത്. ഇപ്പോള്‍ വീണ്ടും അന്താരാഷ്ട്ട്ര ക്രിക്കറ്റില്‍ അത് തെളിയിക്കുകയും ചെയ്തു. പിന്നെ പ്രായം കൊണ്ടാണെങ്കില്‍ ഷാനവാസ് പറഞ്ഞത് പോലെ വേറെ പലരുമില്ലേ? ശ്രീലങ്കയില്‍ സനത് ജയസൂര്യ കളിയ്ക്കുന്നത് കണ്ടില്ലേ?

സെലക്ഷന്‍ പൂര്‍ണമായും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നാണ് എന്റെ അഭിപ്രായം. 40 വയസ്സായാലും കളി ജയിപ്പിയ്ക്കാന്‍ കഴിയുമെങ്കില്‍ അയാളെ തീര്‍ച്ചയായും ടീമിലെടുക്കണം.

 
At Monday, January 08, 2007 11:52:00 AM, Blogger കരീം മാഷ്‌ said...

സൌരവിനു വേള്‍ഡ്കപ്പിനു നമ്മെ നയിക്കാനാവുമോ? ഇന്ത്യ്യുടെ വേള്‍ഡ് കപ്പ് പ്രതീക്ഷ എവിടെയെത്തു നില്‍ക്കുന്നു. ക്രീസിലിറങ്ങാതെ പോരേന്റി വരുമോ?
ക്രിക്കറ്റിനെ സ്നേഹിച്ചതിനാലുള്ള ആശങ്കകള്‍ മാത്രം.

 
At Tuesday, January 09, 2007 9:13:00 AM, Blogger അരവിന്ദ് :: aravind said...

വഞ്ചകാ ദില്‍‌ബാ
സൌരവിനെക്കുറിച്ച് വാതോരാതെ പറയുമ്പോഴും സൌരവിന്റെ തിരിച്ചു വരവിന്റെ പിന്നിലെ ശക്തിയെ മറന്നത് ശരിയായില്ല.
പട്ടി ചന്തക്ക് പോയപോലെ ജോബര്‍ഗ്ഗ് ഇന്റര്‍നാഷണില്‍ വന്നിറങ്ങിയ ഗാംഗുലിയെ
“ഡിയര്‍ ബോയ്, ഡോണ്ട് വറി..എല്ലാം ഇപ്പോ ശര്യാക്കിത്തരാം” എന്ന് പറഞ്ഞ്
എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍‌ വച്ച്, സൌത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൌളിംഗിന്റെ നിഗൂഡരഹസ്യങ്ങള്‍ ഉപദേശിച്ചു കൊടുത്ത ഒരു പാവം മലയാളിയുണ്ടിവിടെ.
അര്‍ദ്ധസെഞ്ച്വറി നേടിക്കഴിഞ്ഞ് ഗാംഗുലി നിറകണ്ണൂകളോടെ നോക്കിയത് ഗ്യാലറിയിലിരുന്ന് കളി കണ്ടിരുന്ന അദ്ദേഹത്തെയായിരുന്നു.
മടങ്ങിപ്പോകാന്‍ നേരം അദ്ദേഹത്തിന്റെ കാല്പാദങ്ങളില്‍ ബാഷ്പാഞ്ചലി അര്‍പ്പിച്ചാണ് ദാദ കുട്ടയും വട്ടിയുമായി പ്ലെയിനിന്റെ പടി കയറിയത്...

അദ്ദേഹം ആരാണെന്ന് മനസ്സിലായില്ലേ?

ഒരു കുളു തരാം.

അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ സര്‍നേം,

കുട്ടനാടിലുണ്ട് മുട്ടനാടിലില്ല
മൂപ്പനിലുണ്ട് മൂപ്പത്തിയിലില്ല..




മോശമായിപ്പോയി അനിയാ മോശമായിപ്പോയി!

:-)

 
At Tuesday, January 09, 2007 6:59:00 PM, Anonymous Anonymous said...

ദില്‍ബൂ, എനിക്കും ഒരു പാസ്‌തന്നാല്‍ ഇത്തരം ചവറ്‌ കമന്റുകള്‍ നിങ്ങള്‍ക്കുസമ്മതമാണെങ്കില്‍ പോസ്റ്റിംഗ്‌ ആയിടാം! ചീട്ട്‌ അയക്കേണ്ടവിലാസം: sha_nvz@yahoo.com അതുപോലെ തന്നെ ഇവിടെ, എന്റെ ബ്ലോഗ്‌ID യില്‍ നിന്നും ഒരു കമന്റിടാന്‍ പറ്റുന്നില്ല. ഞാനൊരു ബ്ലോഗറായിട്ടല്ല ഒരു കമന്റിട്ടത്‌, പകരം'other' ആയിട്ടാണ്‌.ഞാന്‍ betaയില്‍ തുടങ്ങി പിന്നെ പുതിയ വേഴ്ഷനിലേക്ക്‌ മാറുകയായിരുന്നു. അതാണോ കാരണം എന്നറിയില്ല.ഇതുപോലെ മറ്റുപല പഴയ ബ്ലൊഗു കളിലും ഇതു തന്നെ സ്ഥിതി! ഗൂഗിളിനെഴുതിയിട്ടും അതിനൊരുമറുപടി കിട്ടിയില്ല. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഒരു പോംവഴി പറഞ്ഞുതരാമോ?
സനേഹത്തോടെ, ഷാനവാസ്‌.

 
At Tuesday, April 17, 2007 4:35:00 PM, Blogger sanil said...

kayikalokathil ezhuthan enthanu cheyendath

 

Post a Comment

<< Home