കായികലോകം

മലയാളിയുടെ കായികലോകം.. (എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവുചെയ്ത് അറിയിക്കുക, ഇവിടത്തെ മെമ്പര്‍ഷിപ്പ് നിങ്ങള്‍ക്കുള്ളതാണ്.)

Monday, January 08, 2007

വീണ്ടും സൌരവ്!

സൌരവ് ഗാംഗുലി എന്ന കളിക്കാരന്‍ മങ്ങിത്തുടങ്ങിയിരുന്നു എന്നത് സത്യമാണ്. തിരിച്ചു വരവിന് ശ്രമിയ്ക്കാതെ കീഴടങ്ങുന്ന തരത്തിലുള്ള ഇന്നിങ്സുകള്‍ അദ്ദേഹത്തിന്റെ പതനത്തിന് ആക്കം കൂട്ടി. വളരെ ഇമോഷണലും മൂഡിയുമായിട്ടുള്ള അദ്ദേഹത്തിന്റെ പ്രകൃതം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ടീമില്‍ നിന്ന് പുറത്ത് പോകുക എന്നത് അദ്ദേഹത്തിന് അനിവാര്യമായിരുന്നു.ബിസിസിഐയുടെ തലപ്പത്തെ രാഷ്ട്രീയ നേതൃത്വമാറ്റവും ചാപ്പലുമായുണ്ടായ ഭിന്നതയും ഈ പുറത്ത് പോക്ക് വളരെ മോശമായ ഒരു രീതിയിലാക്കി.മാധ്യമങ്ങള്‍ എല്ലാം ആഘോഷിച്ചു.

പക്ഷെ ഗാംഗുലി എന്ന കളിക്കാരന് പകരക്കാരന്‍ തല്‍ക്കാലം ഇന്ത്യന്‍ ക്രിക്കറ്റിലില്ലായിരുന്നു എന്നതാണ് സത്യം. അവസരം നല്‍കിയ സുരേഷ് റൈനയും ദിനേശ് കാര്‍ത്തിക്കുമൊക്കെ പ്രതീക്ഷയ്കൊത്ത് ഉയരാതിരുന്നപ്പോഴും രാഷ്ട്രീയക്കളികള്‍ സൌരവിന്റെ സെലക്ഷന് വിലങ്ങ് തടിയായി. സൌരവ് ഇംഗ്ലിഷ് കൌണ്ടിയില്‍ കളിച്ചെങ്കിലും ഫോം വീണ്ടെടുത്തില്ല എന്നതും പ്രസ്താവ്യമാണ്.

സൌരവിന്റെ വിരമിയ്ക്കല്‍ പ്രഖ്യാപനം ഏത് നിമിഷവും ജനം പ്രതീക്ഷിച്ചു. പക്ഷേ സൌരവ് ബംഗാളിന് വേണ്ടിയും ഈസ്റ്റ് സോണിന് വേണ്ടിയുമൊക്കെ വീണ്ടും പാഡണിഞ്ഞു. തല്‍ക്കാലം വിരമിയ്ക്കല്‍ പരിഗണനയിലില്ല എന്ന് തുറന്ന് പറഞ്ഞു.കൂറ്റന്‍ സ്കോറുകള്‍ അപ്പോഴും സൌരവിന്റെ ബാറ്റില്‍ നിന്ന് വന്നില്ല. എങ്കിലും ഭേദപ്പട്ട പ്രകടനങ്ങള്‍ മെല്ലെ പുറത്ത് വന്ന് തുടങ്ങി. Form is temporary, class is permanent എന്ന പ്രസിദ്ധമായ ക്രിക്കറ്റ് തത്വം ഓര്‍മ്മിപ്പിയ്ക്കുന്ന ചില കളികളെങ്കിലും ഡൊമസ്റ്റിക്ക് സര്‍ക്യൂട്ടില്‍ ഗാംഗുലി കാഴ്ച വെച്ചു.

സെലക്റ്റര്‍മാര്‍ക്ക് ഗാംഗുലിയെ തഴയുക എന്നത് എളുപ്പമല്ലാതായി. സൌത്താഫ്രിക്കയിലെ ഏകദിനപരമ്പരയിലേറ്റ വമ്പന്‍ പരാജയം സൌരവിനെ തിരിച്ച് കൊണ്ടുവരുവാനുള്ള മുറവിളികളുടെ ശബ്ദം കൂട്ടി. ഒടുവില്‍ യുവരാജിന്റെ കയ്യിനേറ്റ പരിക്കിന്റെ രൂപത്തില്‍ ഗാഗുലിയെ ഭാഗ്യം കടാക്ഷിച്ചു. യുവരാജ് ടെസ്റ്റ് പരമ്പരയില്‍ കളിയ്ക്കില്ല എന്ന് ഉറപ്പായതും കൈഫിന്റെ മോശം ഫോമും സൌരവിന്റെ വഴികളടയ്ക്കാന്‍ ആര്‍ക്കും പറ്റാത്ത രീതിയിലാക്കി. അങ്ങനെ സൌരവിന് അവസാനമായി ഇന്ത്യന്‍ ക്രിക്കറ്റ് ഒരു അവസരം കൂടി നല്‍കി.

ഇത്രയും കളിക്കളത്തിലെ കാര്യം. ഇന്ത്യയില്‍ കളിക്കളത്തില്‍ മാത്രമായി ഒരു കളിയും ഒതുങ്ങാറില്ലല്ലോ. പലപ്പോഴും പുത്തുള്ള കളികള്‍ മേല്‍ക്കൈ നേടാറുമുണ്ട്. സൌരവിന്റെ തിരിച്ചു വരവിന്റെ കാര്യവും വ്യത്യസ്തമല്ല. മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ മാനസപുത്രനായിരുന്ന ഗാംഗുലി, ഡാല്‍മിയ തെരെഞ്ഞെടുപ്പില്‍ തോറ്റ് ശരത് പവാര്‍ പ്രസിഡന്റായ ഉടന്‍ ടീമില്‍ നിന്ന് പുറത്തായി. ഇനി ഒരിക്കലും സൌരവ് തിരിച്ച് വരില്ല എന്ന് വ്യംഗ്യാര്‍ത്ഥത്തിലായിട്ടാണെങ്കിലും പുതിയ സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ വിക്കറ്റ് കീപ്പറുമായ കിരണ്‍ മോറെ പ്രഖ്യാപിക്കുകയും ചെയ്തു. കളിയില്‍ മാത്രമൊതുങ്ങാതെ ടീമില്‍ അധികാര രാഷ്ട്രീയം കളിയ്ക്കുന്നു എന്ന് പലരും പരാതിപ്പെട്ടിരുന്ന ഗാംഗുലി വാളെടുത്തവന്‍ വാളാല്‍ എന്ന സ്തിതിയിലായി.

പിന്നീട് പലപ്പോഴായി വന്ന പത്രപ്രസ്താവനകളില്‍ നിന്ന് ഗാംഗുലി ഡാല്‍മിയയില്‍ നിന്ന് അകലാന്‍ ശ്രമിയ്ക്കുന്നതായാണ് കാണാന്‍ കഴിയുന്നത്.സൌരവ് ശരത് പവാറുമായി പല കൂടിക്കാഴ്ചകളും നടത്തി. തന്റെ തിരിച്ച് വരവിന് പ്രതിഫലമായി സൌരവ് പവാര്‍ ക്യാമ്പുമായി ഒത്തുതീര്‍പ്പിലെത്തി എന്ന് ഊഹാപോഹങ്ങള്‍ പടര്‍ന്നു. സൌരവ് ടീമില്‍ തിരിച്ചെത്തിയതിന് ശേഷം നടന്ന ബിസിസിഐ മീറ്റിങ്ങില്‍ 1996ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന് ലോകകപ്പിലെ വരുമാനക്കണക്കിലെ ചില പാകപ്പിഴകള്‍ക്കും അധികാരദുരുപയോഗത്തിനും ആരോപണ വിധേയനായിരുന്ന ഡാല്‍മിയയെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി പുറത്താക്കി എന്നതും ശ്രദ്ധേയമാണ്.

ടീമില്‍ തിരിച്ചെത്തുക എന്നത് ഗാംഗുലിയെ കാത്തിരുന്ന അഗ്നിപരീക്ഷകളുടെ ഒരു തുടക്കം മാത്രമായിരുന്നു. ഒരിക്കല്‍ കൂടി പരാ‍ജയപ്പെട്ടാല്‍ മാന്യമായ ഒരു വിടവാങ്ങലിന് പോലും അവസരം ലഭിയ്ക്കാത്ത വിധം അപഹാസ്യനാവും എന്ന കാര്യം മറ്റാരേക്കാളും നന്നായി ഗാഗുലിക്കറിയാമായിരിക്കണം. സ്വരച്ചേര്‍ച്ചയില്ലാത്ത കോച്ചും സെലക്ഷന്‍ പാനലിന്റെ മുമ്പില്‍ ഗാംഗുലിയെ തുറന്നെതിര്‍ത്തു എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ക്യാപ്റ്റനുമുള്ള ടീമില്‍ ഗാംഗുലി ശാന്തനായി കാണപ്പെട്ടു. മാധ്യമങ്ങള്‍ നക്കാന്‍ കാത്തിരുന്ന ചോര ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും ഒറ്റി വീണില്ല.

ടെസ്റ്റ് പരമ്പരയില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഗാംഗുലിയുടെ ബോഡി ലാംഗ്വേജ് മുമ്പ് കണ്ടിട്ടുള്ളതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. തന്റെ ബലഹീനതകളെ വ്യക്തമായി വിലയിരുത്തിയതായി തോന്നിച്ച ഗാംഗുലി സൌത്താഫ്രിക്കന്‍ ബൌളിങ്ങിന് മുന്നില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വേറിട്ട് നിന്നു. സാഹചര്യങ്ങള്‍ക്കനുസൃതമായി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് തികച്ചും പ്രൊഫഷണല്‍ രീതിയില്‍ ബാറ്റ് ചെയ്ത ഗാംഗുലി പരമ്പരയിലെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ടോപ് സ്കോററുമായി.സൌത്താഫ്രിക്ക പോലുള്ള വേഗവും ബൌണ്‍സും കൂടിയ പിച്ചുകളില്‍ as good as dead എന്ന് വിശേഷിപ്പിയ്ക്കപ്പെടുകയും ഏറെക്കുറെ ആ രീതിയില്‍ തന്നെ കളിയ്ക്കുകയും ചെയ്തിരുന്ന ഗാംഗുലിയേ അല്ലായിരുന്നു ഈ പരമ്പരയില്‍.

സൌരവിന്റെ പുകള്‍ പെറ്റ പുള്‍ ഷോട്ടുകളും പണ്ട് ‘ഓഫ് സൈഡിലെ ദൈവം’ എന്ന വിശേഷണം നേടിയെടുക്കാന്‍ കാരണമായ ഡ്രൈവുകളും ഫൂട്ട് വര്‍‍ക്കും കാണേണ്ട കാഴ്ച തന്നെയായിരുന്നു. മൂന്നാം ടെസ്റ്റിന്റെ രണ്ടാമ്മിന്നിങ്സില്‍ സച്ചിനും ദ്രാവിഡും പോലും ഇരുട്ടില്‍ തപ്പിയ സമയത്ത് ഗാംഗുലി കാഴ്ച വെച്ച പ്രകടനം മാത്രം മതി ഈ പരമ്പരയിലെ പ്രകടനത്തിനെ ചുരുക്കി വിവരിക്കാന്‍. അങ്ങനെ സൌരവ് തിരിച്ചു വന്നു. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി. വായടപ്പിയ്ക്കുന്ന കളി കാഴ്ച വെച്ച സൌരവിന് മുമ്പില്‍ ഏകദിന ടീമിന്റെ വാതിലും തുറക്കപ്പെടാനാണ് സാധ്യത. ഏറെക്കാലമായി സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ച വെച്ചിരുന്ന വീരേന്ദര്‍ സെവാഗിന്റെ സ്ഥാനത്ത് ഓപ്പണറായി സൌരവ് വന്നാല്‍ അല്‍ഭുതപ്പെടാനില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇനി ഒരിക്കലും ഇന്ത്യന്‍ ജേഴ്സി അണിയില്ല എന്ന് പലരും കരുതിയ സൌരവ് തീര്‍ച്ചയായും ലോകകപ്പ് സാധ്യതാ ടീമില്‍ ഇടം പിടിയ്ക്കും.

പക്ഷെ ഇന്ത്യന്‍ സിനിമയും ക്രിക്കറ്റും ഒരു പോലെയാണെന്നാണ് ചൊല്ല്. രണ്ടിലും ലോജിക്കലായി ഒരു കാര്യവും ചെയ്ത് കാണുന്നില്ല എന്ന്. അത് കൊണ്ട് ലോകകപ്പിന്റെ കാര്യം കാത്തിരുന്ന് കാണാം. തല്‍ക്കാലം സൌരവ്.. നിനക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍! ആ പോരാട്ട വീര്യത്തിന് എന്റെ സലാം.