പഞ്ചപാവം ബി സി സി ഐ
ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു വന്‍ സംഭവമാണ് എന്ന ധാരണയാണ് ഏതൊരാള്‍ക്കും ഉണ്ടാവുക. എന്നാല്‍ നമ്മുടെ ബി സി സി ഐ ഒരു പഞ്ചപാവമാണെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്.
നമ്മുടെ ഇടിവാള്‍ പറഞ്ഞത് പോലെ കള്ള് ഷാപ്പിന് പോലും വെബ് സൈറ്റുള്ള ഇക്കാലത്ത്, സ്വന്തമായി ഒരു സെര്‍വര്‍ പോയിട്ട് ഒരു സൈറ്റ് പോലുമില്ല നമ്മുടെ ബി സി സി അണ്ണന്മാര്‍ക്ക്. “ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍” എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റിനെ കുറിച്ചുള്ള എന്ത് ചോദ്യത്തിനും അണ്ണന്മാരുടെ മറുപടി. ഇന്ത്യ കളിക്കുന്ന കളികളുടെ ലൈവ് കമന്ററി, ഓരോ ക്യാച്ചിന്റേയും ബൌണ്ടറിയുടേയും വരെ പടങ്ങള്‍ ലൈവായി അപ്പപ്പോള്‍ തുടങ്ങി ഇന്നേ വരെ മാളോകര്‍ കണ്ടിട്ടില്ലാത്ത സെറ്റപ്പുകളൊക്കെ ഈ സൈറ്റില്‍ ഉണ്ടാവുമെന്നാണ് അവസാനമായി കേട്ടത്. പക്ഷെ ഇത് ഡാല്‍മിയ അണ്ണന്‍ പുലിയും ഗാംഗുലി പുപ്പുലിയുമായി വിലസിയിരുന്ന കാലത്താണ് കേട്ടത്. ഇപ്പോഴത്തെ അണ്ണന്മാരും പണ്ടത്തെ അണ്ണന്മാരും തമ്മിലുള്ള മൊഡയില്‍ പെട്ട് സൈറ്റിന്റെ ചീട്ട് കീറി എന്നാണെനിക്ക് തോന്നുന്നത്. ഇനി ഇതിനൊന്നും സമയമില്ലാഞ്ഞിട്ടാവുമോ ?
ഇത് കണ്ടപ്പോളാണ് ബി സി സി ഐയെ ഓര്‍ത്ത് എന്റെ കണ്ണില്‍ വെള്ളം നിറഞ്ഞത്. ലോക ക്രിക്കറ്റിന്റെ മേലാളന്മാരായ ഐ സി സി യുടെ വെബ് സൈറ്റില്‍ കൊടുക്കാന്‍ സ്വന്തമായി ഒരു തപാല്‍ മേല്‍ വിലാസം പോലും ഇല്ലാത്തവരാണ് ഇവര്‍. കൊടുത്തിരിക്കുന്ന മേല്‍ വിലാസം മുന്‍ സെക്രട്ടറി ശ്രീ.എസ്.കെ.നായര്‍ സാറിന്റെ വീടിന്റേതാണെന്ന് തോന്നുന്നു. അണ്ണന്മാര്‍ തമ്മില്‍ ഉടക്ക് നിലനില്‍ക്കുകയാണ് എന്നിരിക്കെ, ഈ വിലാസത്തില്‍ വരുന്ന കത്തുകള്‍ നായര്‍ സാര്‍ ബി സി സി ഐക്ക് കൈമാറാറുണ്ടോ ആവോ.
എന്തായാലും പാവം നമ്മുടെ ബി സി സി ഐ.